Thursday, November 9, 2017

നവംബർ 8, കുരുട്ടുബുദ്ധി ദിനം!


നവംബർ 8, കുരുട്ടുബുദ്ധി ദിനം!
ഇത് ശരിക്കും ഇൻഡ്യാ മഹാരാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കുരുട്ടുബുദ്ധി പ്രയോഗത്തിൽ വരുത്തിയതിന്റെ ഒന്നാം വാർഷികമാണ്!

ഉത്തർ പ്രദേശ് ആര് ഭരിക്കും എന്ന് രാജ്യം ഉറ്റു നോക്കിക്കൊണ്ടിരുന്നപ്പോൾ നടത്തിയ രാഷ്ട്രീയ സർക്കസ്സ്, അത് മാത്രമായിരുന്നു തിരക്കിട്ടു നടത്തിയ നോട്ടു നിരോധനം! ദേശീയ രാഷ്ട്രീയത്തിൽ അതി നിർണായകമാണ് യു പി യുടെ സ്ഥാനം ഇന്ത്യൻ പാർലമെന്റിലേക്ക് ലോക്‌സഭാ പ്രതിനിധികൾ എന്ന പേരിൽ മാത്രം 80 അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണത്! ഇൻഡ്യാ മഹാരാജ്യം ഭരിക്കണം എങ്കിൽ യു പി കൈയ്യിൽ ഉണ്ടാവണം എന്ന് സാരം!

രാജ്യം ഒട്ടാകെ കത്തിനിന്ന ദളിത് പ്രക്ഷോഭങ്ങൾ, പശുവിന്റെ പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ, ആസൂത്രിതമായി വളർത്തിക്കൊണ്ടുവരുന്ന മുസ്ലിം വിരുദ്ധത തുടങ്ങി, ബിജെപി ദേശീയ തലത്തിൽ തന്നെ വെറുക്കപ്പെട്ടിരുന്ന അവസരത്തിലാണ് യു പി ഇലക്ഷനും നോട്ടുനിരോധനവുമൊക്കെ വരുന്നത് , ബിജെപിക്ക് ഒരു അനായാസ വിജയം ഒരിക്കലും നടക്കാത്ത സാഹചര്യം, എതിർ ചേരിയിൽ കോൺഗ്രസ്സ് - എസ് പി സഖ്യം വിജയകരമായി സീറ്റുകൾ വീതംവെച്ച് അതി ശക്തമായി മുന്നേറുകയും ചെയ്യുന്നു.

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് നോട്ട് നിരോധനം എന്ന നാടകീയ പ്രഖ്യാപനം വരുന്നത്! ഈ നടപടി മുൻകൂട്ടി അറിയാമായിരുന്ന മോഡി പരിവാരങ്ങൾക്ക് ഒഴികെ സകലരുടെയും ഇലക്ഷൻ സ്വപ്‌നങ്ങളും അതുവരെയുള്ള പ്രചാരണ മുന്നേറ്റങ്ങളും ആ ഒരൊറ്റ നടപടിയിലൂടെ ഒലിച്ചുപോയി!!

പാപ്പരായ ഒരുപറ്റം എതിർ പാർട്ടിക്കാർ! ചിലവഴിച്ച പണം മുഴുവൻ ഉപകാരത്തിൽ കൊള്ളാതെ പോയത് കണ്ട് മിഴിച്ചുപോയ സ്ഥാനാർത്ഥികൾ! ഇവരെയൊക്കെ തോൽപ്പിച്ചു വൻവിജയം നേടാൻ പരിവാർ ശക്തികൾക്ക് വലിയ അദ്ധ്വാനം ഒന്നും വേണ്ടിവന്നുമില്ല! അങ്ങനെ ഗുസ്തി മത്സരത്തിന്റെ തലേന്നു എതിർ ഗുസ്തിക്കാരന്റെ കാലു തല്ലിയൊടിച്ചു പിറ്റേന്ന് വൻ വിജയം നേടുന്ന എതിരാളിയെപ്പോലെ, ബിജെപി യും ഉത്തർ പ്രദേശിൽ വൻ വിജയം നേടി! അങ്ങനെ മാത്രം!

പാർട്ടിയുടെ ഉത്തർ പ്രദേശിലെ വൻ വിജയമാണ് അമിത് ഷാ എന്ന മോദിയുടെ വലം കൈ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനും അങ്ങനെ പാർട്ടിക്കുള്ളിൽ നിന്നും ഒരു എതിർപ്പുപോലും ഭാവിയിൽ ഉണ്ടാവാത്ത വിധം മോദിയുടെ നില ഭദ്രമാക്കുന്നതിനും കാരണമായത്. ഇതിലെല്ലാം ഉപരി ഈ ഓളത്തിലൂടെ സാമാന്യ ബോധം കുറവുള്ള ഒരു വലിയ വിഭാഗത്തെ (എതിർ ചേരിയിൽ നിന്നുപോലും) തന്നിലേക്ക് അടുപ്പിക്കാനും അങ്ങേർക്ക് ഇതിലൂടെ കഴിഞ്ഞു...

ഇപ്പോൾ നോട്ടുനിരോധനം എന്ന രാജ്യ ദ്രോഹപ്രവർത്തി കഴിഞ്ഞിട്ട് ഒരുവർഷമായി, രാജ്യത്തെ വലിയൊരു വിഭാഗം ആ തെറ്റ് മനസ്സിലാക്കി എങ്കിലും നിർഭാഗ്യകരം എന്ന് പറയട്ടെ അതിലെ മഹാ ഭൂരിപക്ഷവും കരുതുന്നത് നോട്ടു നിരോധനം മോദിക്ക് പറ്റിയ വലിയ അബദ്ധം ആണെന്നും, മോദിയുടെ വിവരമില്ലായ്മയാണ് ഇത്തരത്തിലുള്ള ഒരു നാശത്തിന് കാരണം എന്നുമാണ്! അത്തരക്കാരോട് മാത്രം ഒന്ന് പറയട്ടെ, നിങ്ങൾക്ക് തെറ്റി!

മോദിയിൽ ഉള്ളത് ഒരു അണെത്തിക്കൽ രാഷ്ട്രീയക്കാരൻ മാത്രമാണെന്നും, ഒരു ഉത്തമ സംഘ്പരിവാറുകാരന്റെ ദേശ സ്നേഹം എന്നത് ഇന്ത്യയുമായോ അതിന്റെ ഭരണഘടനയുമായോ യാതൊരു ബന്ധവും ഇല്ലാത്തതുമാണ് എന്നും നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ ബോദ്യപ്പെടുത്താൻ സാധിക്കാത്തതുകൊണ്ടോ, ഇങ്ങനെയൊക്കെ ആവാൻ മാത്രമുള്ള നിലവാരമേ മോദിക്ക് ഉള്ളു എന്നത് അവിശ്വസനീയമായ സംഗതിയായി മനസ്സിൽ കിടക്കുന്നതുകൊണ്ടോ മാത്രമാണ് നിങ്ങൾ മോദിയെ വെറും 'വിഡ്ഢിയോ അബദ്ധം പറ്റിയ മനുഷ്യനോ ഒക്കെ മാത്രമായി കുറച്ചുകാണുന്നത്...

ബിജെപി യുടെ ദേശസ്നേഹത്തെയും മോദിയിലെ കുരുട്ടുബുദ്ധി നിറഞ്ഞ രാഷ്രീയക്കാരനെയും മനസ്സിലാക്കാൻ പറ്റാത്തവരോട് രണ്ടുകാര്യം,

ഒന്ന്: ഈ പാർട്ടിയുടെ അടിവേര് വർഗീയതയിലും ആഭ്യന്ദസര കലാപങ്ങളിലും കെട്ടിപ്പൊക്കിയതാണ്, അദ്ധ്വാനിയുടെ ആദ്യ രഥയാത്ര തന്നെ വർഗീയ വിഷം വിതറി കലാപം വിതച്ചാണ് കടന്നുപോയത് ആ ഒരുമാസം കൊണ്ട് മാത്രം കലാപങ്ങളിൽ കൊല്ലപ്പെട്ടത് അറുന്നൂറിന് അടുത്ത് മനുഷ്യ ജന്മങ്ങളാണ്! പുറകേ വന്ന ബാബരി മസ്ജിദ് തകർക്കലിലും തുടർന്നുണ്ടായ കലാപങ്ങളിലും കൊല്ലപ്പെട്ടത് രണ്ടായിരത്തിൽ അധികം പേരും (ഔദ്യോഗിക കണക്കുപ്രകാരം മാത്രം!) അന്നുതൊട്ട് ഇന്നുവരെ തമ്മിത്തല്ലിച്ചു ചോരകുടിച്ചു വളരുന്ന സൂത്രക്കാരൻ എന്നതിനപ്പുറത്തേക്ക് ഈ പാർട്ടിക്ക് വളരാൻ പറ്റിയിട്ടില്ല, അതുകൊണ്ട് ഇവരുടെ ദേശപ്രേമത്തെ തമാശു മട്ടിൽ മാത്രം കണ്ടാൽ മതി! ഈ നോട്ടുനിരോധനം പോലും രാജ്യത്തിന് ഏൽപ്പിച്ച ക്ഷതം ഇവർ തന്ന മറ്റു ക്ഷതങ്ങളെ അപേക്ഷിച്ചു നിസ്സാരമാണ്...

രണ്ട്: മോദിയിലെ രാഷ്ട്രീയക്കാരൻ ഒരിക്കലും ഒരു ജനാധിപത്യ വാദിയൊന്നുമല്ല, എതിർക്കുന്നവനെ വെട്ടിനിരത്തി സ്വന്തം വഴി മാത്രം ശരിയാക്കുന്ന ഏകാധിപതിയുടെ രാഷ്ട്രീയമാണയാൾക്ക്, ഇപ്പോഴത്തെ അദ്ധ്വാനി പക്ഷക്കാരുടെ അവസ്ത നോക്കിയാൽ അത് ശരിക്കും മനസ്സിലാകും! ഇനിയും സംശയം മാറാത്തവർക്ക് ഹരേൺ പാന്ധ്യ ഒരു ഉദാഹരണം ആയി മുന്നിലുണ്ട്, ആൾ അത്ര നിസ്സാരക്കാരൻ ഒന്നുമില്ലായിരുന്നു, ഗുജറാത്ത് ബിജെപി യിലെ ഒരു ഗ്രൂപ്പിന്റെ നേതാവ്! എതിർ ചേരിയിൽപെട്ട മോദി മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നപ്പോൾ ആഭ്യന്തര മന്ത്രി പദവി വഹിച്ചിരുന്ന കരുത്തൻ! ശക്തനായ ബിജെപി നേതാവ്! ഇത്രയൊക്കെ ആയിരുന്ന അയാളെയും കൂട്ടരെയും 2002 ലെ ഗുജറാത്ത് കലാപ ശേഷം നടന്ന ഇലക്ഷനിൽ സീറ്റുകൊടുക്കാതെ വെട്ടിനിരത്തിയതും (കേന്ദ്രത്തിൽ സമ്മർദം ചെലുത്തി, താനും അണികളും പിന്മാറും എന്ന് ഭീഷണിപ്പെടുത്തി!) ഈ ജനാധിപത്യ കശാപ്പുകാരനായ മോദിയാണ്... കലാപത്തെ പ്പറ്റി അന്വേഷിച്ചിരുന്ന പ്രെത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മോഡിക്കെതിരെ മൊഴികൊടുക്കും എന്ന് വിശ്വസിച്ചിരുന്ന ഈ മുൻ ആഭ്യന്തര മന്ത്രി, മോദി വീണ്ടും മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട് തൊട്ടുപുറകേ തന്നേ 'അജ്ഞാതരുടെ' വെടിയേറ്റു മരിക്കുകയായിരുന്നു!

ഇതാണ് ബിജെപിയും മോദിയും അതുകൊണ്ട് അവരെ എതിർക്കുന്നവർ എങ്കിലും അവരെ വെറും പൊട്ടന്മാർ ആയി കാണാതിരിക്കുക! മറിച്ചു കുരുട്ടു ബുദ്ധിയുടെ ആശാന്മാർ ആയി മാത്രം കാണുക! പേടിയോടെ മാത്രം കാണുക!


കേരളപ്പിറവി ആശംസകൾ...

ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ നയതന്ത്രജ്ഞരിൽ ഒരാളായ നെഹ്‌റു എന്ന മാന്ത്രികൻ കാലം ചെല്ലും തോറും മധുരം കൂടിക്കൂടി വരും എന്ന ഉറപ്പിൽ സ്വർണക്കടലാസിൽ പൊതിഞ്ഞ തേൻമധുരം നമുക്ക് നൽകിയതിന്റെ വാർഷികമാണിന്ന്...

നിർഭാഗ്യകരം എന്നുപറയട്ടെ ചിലർ ആ തേൻമധുരം സൂത്രത്തിൽ മോഷ്ടിച്ചിട്ട് പകരം അവിടെ ചെന്നിനായകം വക്കുകയാണിന്ന്! പതുക്കെ പതുക്കെ ആരുമറിയാതെ ചെയ്തുകൊണ്ടിരുന്ന പ്രസ്തുത കൃത്യം ഇപ്പോൾ കൂടുതൽ വ്യക്തമാണ്!

ഇന്ത്യ എന്തെന്നോ ഫെഡറലിസം എന്തെന്നോ അറിയാത്ത പരട്ടകൾ അധികാരത്തിലിരുന്ന് അർമാദിച്ചു അർമാദിച്ചു രസിക്കുകയാണ്...!! ദാ, ഇന്ത്യൻ കറൻസി നോട്ടുകളിൽ അവർക്കുമാത്രം മനസ്സിലാവുന്ന ദേവനാഗരിക അക്കങ്ങളും സർക്കാർ പരസ്യവും വന്നുകഴിഞ്ഞു! പാസ്സ്പോർട്ടിലും അവരുടെ മാത്രം ഭാഷയിൽ പേരുകൾ പതിഞ്ഞു തുടങ്ങി! ദേശീയ സമ്പത്ത് 'രാഷ്ട്രീയ മുതലെടുപ്പിന് മാത്രം കൊള്ളുന്ന' വൻകിട പ്രതിമാ പദ്ധതികളിൽ കയറിയൊളിക്കുന്നു! തലപ്പത്തിലുന്നൊരു പൊട്ടൻ തന്റെ 'തറവാട്ടു സ്വത്തിന്റെ ഭാഗം വെക്കൽ' എന്ന മട്ടിലുള്ള അഹങ്കാരത്തോടെ വിളിച്ചുപറയുന്നു 'തങ്ങളെ എതിർക്കുന്നവർക്ക് കേന്ദ്രത്തിന്റെ ഒരു ചില്ലിക്കാശും കിട്ടില്ല എന്ന്'!

വായിൽ വന്നുതുടങ്ങിയ ചെന്നിനായകച്ചുവ കാലം മാറ്റും എന്ന പ്രതീക്ഷയിൽ, നമ്മുടെ തേൻമധുരം നൂറിരട്ടി മധുരത്തിൽ തന്നെ തിരികെക്കിട്ടും എന്ന പ്രതീക്ഷയിൽ എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ...


എന്റെ നിധിപ്പെട്ടി - പത്ര ശേഖരം!!

എന്റെ നിധിപ്പെട്ടി - ശീലങ്ങൾ, ദുഃശീലങ്ങൾ, ഹോബി, വട്ട്, ഇഷ്ടങ്ങൾ തുടങ്ങി പലപേരിൽ അറിയപ്പെടുന്ന കിറുക്കുകൾ ഉണ്ടാവും എല്ലാവർക്കും. എനിക്കുമുണ്ടായിരുന്നു അത്തരം ചില ഇഷ്ടങ്ങൾ. ധാരാളം 'അടിച്ചമർത്തലുകളെ' അതിജീവിച്ച് അവ എല്ലാം ഇപ്പോഴും എന്റെ നിധിപ്പെട്ടിയിൽ ഭദ്രമായിരുപ്പുണ്ട്. വിമാനം പിടിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ അതിലൊന്നിനെ ഇന്നലെ ഞാൻ തുറന്നു മുറിമുഴുവൻ നിരത്തിയിട്ടു സായൂജ്യമടഞ്ഞു...

കൃത്യം പറഞ്ഞാൽ ഒൻപതാം വയസ്സിൽ, മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണ വന്ന പത്രങ്ങൾ എല്ലാം എടുത്തുവച്ചു തുടങ്ങിയതാണ് ഈ ശീലം. പത്രക്കട്ടിങ്ങുൾ എടുത്തുവക്കുക എന്ന എന്റെ ഈ പ്രേത്യേക സ്വഭാവം അന്നു മുതൽ ഇപ്പോൾ വരെ ഏറിയോ കുറഞ്ഞോ നിലനിന്നും പോരുന്നു.

ആദ്യമൊക്കെ അതി സുരക്ഷിത മേഖലകളായ സെറ്റിയുടെ കുഷ്യനടിയിലും കട്ടിലിന്റെ ബെഡിനടിയിലുമായിരുന്നു ഇതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്, പിന്നെ എപ്പോഴോ അതിന് എല്ലാം ഒരു ഫയലിലേക്ക് സ്ഥാനക്കയറ്റം കൊടുത്തു.. ആ ഫയൽ ആണ് ഇന്നലെ കറങ്ങിത്തിരിഞ്ഞു എന്റെ കൈയിൽ തന്നെ തിരികെ എത്തിയത്. പ്രധാനപ്പെട്ടത് എന്ന് ഞാൻ കരുതിയിരുന്ന കുറേ പത്രക്കടലാസുകൾ എവിടോ നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം...